2009/04/11

സാമ്രാജ്യത്വവിധേയരുടെ വിപ്ലവ മുഖംമൂടി


ഡോ. ആസാദ്‌   (പൊന്നാനി ലോകഭാ മണ്ഡലത്തിലെ ഇടതുപക്ഷഏകോപന സമിതി സ്ഥാനാര്‍ഥി)

മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഇടതുവലതുഭേദമില്ലാതെ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയസമീപനങ്ങള്‍ക്ക്‌ കീഴ്‌പെട്ടുകഴിഞ്ഞ സന്ദര്‍ഭത്തിലാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 

എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌., ബി.ജെ.പി. എന്നിങ്ങനെയുള്ള മൂന്ന്‌ പ്രബല ചേരികളാണല്ലോ കേരളത്തിലുള്ളത്‌. ഈ മൂന്നു ചേരികളും ഒരേ സാമ്പത്തിക വികസനനയങ്ങളില്‍ എത്തിപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളെ വന്‍തോതില്‍ ആശ്രയിക്കാനും ഊഹമൂലധനശക്തികള്‍ക്ക്‌ സ്വാഗതമരുളാനും ഇവരെല്ലാം മുന്നിലുണ്ട്‌. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ ഘടനകള്‍ പുതുക്കിപ്പണിയാനുള്ള സാമ്രാജ്യത്വത്തിന്റെ ഗവണ്‍മെന്റ്‌ നവീകരണപദ്ധതി (ങംജ) കള്‍ക്ക്‌ കളമൊരുക്കിക്കൊടുക്കുന്നതും മറ്റാരുമല്ല. ഇതുമൂലം പഴയ സോഷ്യലിസ്റ്റനുഭാവമുള്ള സാമ്പത്തികാസൂത്രണ പദ്ധതികളുടെയും മനോഭാവത്തിന്റെയും ചിറകുകളാണ്‌ അരിഞ്ഞുവീഴ്‌ത്തപ്പെട്ടത്‌. 

പൊതുമേഖലാ സംരംഭങ്ങള്‍ തകര്‍ക്കപ്പെടുകയോ നിര്‍ജീവമാക്കപ്പെടുകയോ ചെയ്‌തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഭൂരഹിതരുടെയും തൊഴില്‍ രഹിതരുടെയും എണ്ണം വര്‍ധിച്ചു. ഒരുഭാഗത്ത്‌ വന്‍കിട കൈയേറ്റങ്ങള്‍ വര്‍ധിച്ചപ്പോള്‍ മറുഭാഗത്ത്‌ ഭൂമിയില്‍നിന്നു കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യമേഖല വന്‍കിട ഔഷധകുത്തകകളുടെ കൈവെള്ളയിലമര്‍ന്നു. വിദ്യാഭ്യാസം ധന മാഫിയാസംഘങ്ങളും സാമുദായികശക്തികളും കച്ചവടസംരംഭമാക്കി. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുകയായി. സ്വകാര്യസംരംഭകര്‍ക്ക്‌ ഒരു തൊഴില്‍നിയമവും ബാധകമല്ലാതെ അഴിഞ്ഞാടാന്‍ അവസരം നല്‌കി. കുടിവെള്ളം വില്‌പനച്ചരക്കാക്കി. പ്രകൃതിവിഭവങ്ങള്‍ വലിയ തോതില്‍ കൊള്ളയടിക്കപ്പെട്ടു. ഈ നയങ്ങളുടെ പേരില്‍ നമ്മുടെ നാട്ടില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടായില്ല. സമരപ്രസ്ഥാനങ്ങള്‍ മിതവാദികളോ മുതലാളിത്ത പക്ഷപാതികളോ ആയി മാറി. 

ഇത്തരമൊരു സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളാണ്‌. അവ ചര്‍ച്ചയ്‌ക്കുവന്നാല്‍ അതിനെ അഭിമുഖീകരിക്കാനുള്ള കെല്‌പ്‌ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കില്ല. അതിനാല്‍ അവരെല്ലാം വ്യാജപ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്‌. അവിശുദ്ധവും രാജ്യത്തിന്റെ ഭാവിക്ക്‌ അപകടകരവുമായ കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. സാമുദായികശക്തികളെ വന്‍തോതിലാണ്‌ ഇക്കൂട്ടര്‍ ആശ്രയിക്കുന്നത്‌. വിവിധ ജാതി, മത, സമുദായ വിഭാഗങ്ങളില്‍പ്പെട്ട സാധാരണ മനുഷ്യരുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പണമേധാവിത്വത്തിനും സാമ്രാജ്യത്വത്തിനും വഴങ്ങി അതിന്റെ ജീര്‍ണതകളെയും വാരിപ്പുണരുകയാണ്‌. വര്‍ഗീയ ലഹളകളിലേക്ക്‌ നയിക്കുംവിധമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളുടെ ചേരിതിരിവിന്‌ സഹായകരമാം വിധത്തിലാണ്‌ പിണറായി വിജയന്‍- മഅദനി ബന്ധം രൂപപ്പെട്ടിരിക്കുന്നത്‌. ഇത്തരം അവിശുദ്ധബന്ധങ്ങള്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ മുമ്പേ ശീലവുമാണ്‌. 

നവമുതലാളിത്തത്തിന്റെ സാമ്പത്തിക, വികസന നയങ്ങള്‍ പിന്തുടരുമ്പോള്‍ അവയുടെ ജീര്‍ണതകള്‍ കടന്നുകയറുക എളുപ്പമാണ്‌. '90-കളുടെ മധ്യത്തോടെ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം. നാലാംലോകം വഴി എത്തിപ്പെട്ടത്‌ സാമ്രാജ്യത്വവികസന പാതയിലാണ്‌. അതിന്റെ സ്വാഭാവികമായ പരിണതിയാണ്‌ ലാവലിന്‍കേസ്‌. അതിന്റെ ഓരോ ചുവടിലും പ്രകടമായ രാഷ്ട്രീയവ്യതിയാനമുണ്ട്‌. ബെല്‍ എന്ന പൊതുമേഖലാസ്ഥാപനത്തെ നിരാകരിച്ചതിലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതിലും കോഴയാകാമെന്നു തീരുമാനിച്ചതിലുമെല്ലാം അതു പ്രകടമാണ്‌. 

വലിയ സാമ്രാജ്യത്വവിരുദ്ധതയുടെ മുഖംമൂടിയണിഞ്ഞാണ്‌ ഇവരെല്ലാം വോട്ട്‌ തേടുന്നത്‌. സാമ്രാജ്യത്വാനുകൂല സാമ്പത്തിക, വികസനനയങ്ങള്‍ നടപ്പാക്കുന്നവര്‍ സാമ്രാജ്യത്വവിരുദ്ധരാകുന്നത്‌ എങ്ങനെയാണ്‌? ആണവക്കരാറിന്റെയും ഇസ്രായേല്‍ ബന്ധത്തിന്റെയും കാര്യമാണ്‌ ചിലര്‍ ഉയര്‍ത്തുന്നത്‌. ശീതയുദ്ധത്തെത്തുടര്‍ന്ന്‌ 1991-ല്‍ പുത്തന്‍ സാമ്പത്തികനയവും അമേരിക്കാനുകൂലമായി ചേരിചേരാ നയത്തില്‍ വന്ന മാറ്റവുമാണ്‌ രണ്ടിനും അടിസ്ഥാനം. നരസിംഹറാവു ഗവണ്‍മെന്റാണ്‌ രണ്ടിനും തുടക്കം കുറിച്ചത്‌. തുടര്‍ന്നുവന്ന ബി.ജെ.പി. ഗവണ്‍മെന്റും ഇപ്പോള്‍ കാലാവധി തീരുന്ന യു.പി.എ. ഗവണ്‍മെന്റും പലപ്പോഴായി ആണവക്കരാറിന്റെ മുന്നുപാധികളില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും അമേരിക്കന്‍ സൈനികവിമാനങ്ങള്‍ ഇന്ത്യയിലെത്തി. സംയുക്താഭ്യാസപരിശീലനങ്ങള്‍ നടന്നു. അപ്പോഴൊന്നും കനത്ത പ്രതിഷേധമുയര്‍ത്താന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ 'നല്ല ബുദ്ധി' തോന്നുന്നത്‌. ഇസ്രായേല്‍ വിഷയവും അങ്ങനെത്തന്നെ. നരസിംഹറാവു ഗവണ്‍മെന്റ്‌ ഇസ്രായേലിന്‌ അംഗീകാരം നല്‌കിയത്‌ സാമ്രാജ്യത്വ സമ്മര്‍ദംമൂലമാണ്‌. തുടര്‍ന്നുവന്ന കോണ്‍ഗ്രസ്‌, ബി.ജെ.പി. മുന്നണി സര്‍ക്കാറുകള്‍ക്കും ഇടതുപക്ഷപിന്തുണയുള്ള സര്‍ക്കാറിനും ഇസ്രായേലിനുള്ള അംഗീകാരം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ഇപ്പോള്‍ പരസ്‌പരം ചളിവാരിയെറിയുന്നത്‌ ഇസ്രായേലിന്റെ പേരിലാണ്‌. 

ചുരുക്കത്തില്‍ മുന്നണികള്‍ തമ്മില്‍ അവ സ്വീകരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ലാതായിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും പാരമ്പര്യമുള്ള ഒരു പുതിയ പ്രസ്ഥാനം അനിവാര്യമായിട്ടുണ്ട്‌. ഇടതുപക്ഷ ഏകോപനസമിതി ഈ ലക്ഷ്യത്തോടെയാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. 

 

കടപ്പാടു് : ഏപ്രില്‍‍‍ 11 2009 മാതൃഭൂമി

 

2009/04/09

ഇടതുപക്ഷത്തിന് ചരിത്രം മാപ്പുനല്‍കില്ല: ടീസ്റ്റ സെത്തില്‍വാദ്

തിരൂര്‍,ഏപ്രില്‍ 3: ഇടതുമുന്നണിയുടെ വര്‍ീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് രാജ്യത്തെ അപകടത്തിലേക്കു നയിക്കുമെന്നും ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് ചരിത്രം മാപ്പുനല്‍കില്ലെന്നും പ്രസിദ്ധ സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെത്തില്‍വാദ്. അധിനിവേശ പ്രതിരോധ സമിതി തിരൂര്‍ വാണ്‍ ട്രാജഡി സ്മാരക ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച മതേതര സാംസ്കാരിക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടീസ്റ്റ.


മതേതരത്വം ഇന്ത്യയുടെ ആത്മാവാണ്. ഇടതുപക്ഷത്തിന്റെ മത-വര്‍ീയ പ്രീണന നയങ്ങള്‍ മതേതരത്വം കളങ്കപ്പെടുത്തും. പിഡിപി, എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി, ആര്‍ എസ് എസ്, വിഎച്ച്പി തുടങ്ങിയ സംഘടനകളെല്ലാം ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ഇത്തരം സംഘടനകളെ അകറ്റിനിര്‍ത്തണം. എന്നാല്‍ ജനാധിപത്യ സംസ്കാരത്തിനു നിരക്കാത്ത നിലപാടാണ് ഇടതുപക്ഷം ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നും സംസ്കാരത്തെ തകര്‍ത്ത് വര്‍ീയ തീവ്രവാദത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ടീസ്റ്റ സെത്തില്‍വാദ് പറഞ്ഞു

. ബംഗ്ദേശിലും കശ്മീരിലും വര്‍ീയത നടപ്പിലാക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സാംസ്കാരിക സംഘടനയായി പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണെന്നും ഇടതുപക്ഷത്തിന്റെ വര്‍ീയകൂട്ടുകെട്ട് ഭാവിയില്‍  ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ടീസ്റ്റ സെത്തില്‍വാദ് പറഞ്ഞു. 

എഴുത്തുകാരന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ആധ്യക്ഷ്യം വഹിച്ചു. മുഖ്യപ്രഭാഷണം നടത്തേണ്ട ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അസൌകര്യം അറിയിച്ചതിനാല്‍ അദ്ദേഹം അയച്ചുകൊടുത്ത പ്രഭാഷണം സദസില്‍  വായിച്ചു. 

എഴുത്തുകാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുമായ സാറാ ജോസഫ്, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് , ഡോ. വി. കൃഷ്ണാനന്ദ്, എന്‍. സുതന്‍, ബാബു ഭരദ്വാജ്, കെ.എസ്. ഹരിഹരന്‍, സിദ്ധാര്‍ഥന്‍ പരുത്തിക്കുന്ന്, കെ.എസ്. ഹരിഹരന്‍, പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ഥി ഡോ. ആസാദ്, ഐ.വി. ബാബു, പി. സുരേന്ദ്രന്‍, വി.പി. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

എംസിപിഐയും മത്സരരംഗത്തേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംസിപിഐ യുണൈറ്റഡ് ( The Marxist Communist Party of India-United [ MCPI-U] ) ചാലക്കുടി, കൊല്ലം സീറ്റുകളില്‍ മത്സരിക്കുമെന്ന്‌ സംസ്‌ഥാന sk{I«dnbpw t]mfnäv _yqtdm AwKhpamb hn._n sNdnbm³ അറിയിച്ചു. യഥാക്രമം ടി.എസ്‌. നാരായണനും പി. കൃഷ്‌ണമ്മാളുമായിരിക്കും സ്ഥാനാര്‍ഥികള്‍.

ഇടതുപക്ഷ ഏകോപനസമിതി സ്ഥാനാര്‍ഥികള്‍.

ഷൊറണൂര്‍: സിപിഐഎമ്മില്‍ നിന്ന്‌ പുറത്തുപോയവരുടെ പ്രസ്ഥാനമായ ഇടതുപക്ഷഏകോപന സമിതി അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍‍  മത്സരിക്കുന്നു. പാലക്കാട്ട് എം.ആര്‍.മുരളിയും കോഴിക്കോട് മണ്ഡലത്തില്‍ അഡ്വ. കുമാരന്‍കുട്ടിയും വടകരയില്‍ ടി.പി.ചന്ദ്രശേഖരനും പൊന്നാനിയില്‍ ഡോ. ആസാദും ആറ്റിങ്ങലില്‍ എം ജയകുമാറുമാണ് സ്ഥാനാര്‍ഥികള്‍.

 ഷൊറണൂരില്‍ ചേര്‍ന്ന ഇടതുപക്ഷ ഏകോപനസമിതിഎക്‌സിക്യൂട്ടീവ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇടതുപക്ഷ ഏകോപനസമിതി യോഗത്തില്‍ എം.ആര്‍.മുരളി, കെ.എസ്.ഹരിഹരന്‍, ഡോ. ആസാദ്, കുഞ്ഞിക്കണാരന്‍, പി.കെ.പ്രകാശന്‍, എം.നാരായണന്‍, വി.വിമല, എം.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു

ഇടതുപക്ഷ ഏകോപനസമിതി കമ്മറ്റി നിലവില്‍ വന്നു

ഷൊറണൂര്‍:  സിപിഐഎമ്മില്‍ നിന്ന്‌ പുറത്തുപോയവരുടെ പ്രസ്ഥാനമായ ഇടതുപക്ഷ ഏകോപനസമിതി മാര്‍ച്ച്‌ 15 ന്‌ ഷൊര്‍ണൂരില്‍ ചേര്‍ന്ന പ്രഥമസംസ്ഥാന കണ്‍വെന്‍ഷനോടെ നിലവില്‍ വന്നു. കേരളത്തിലെ സിപിഐഎം ഉള്‍പ്പാര്‍ട്ടി സമരങ്ങളുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ സംഭവമാണിതെന്നു് സംഘാടകര്‍ അവകാശപ്പെട്ടു.

 

പ്രത്യയശാസ്‌ത്രസമരങ്ങളുടെ പേരില്‍ സിപിഐഎമ്മില്‍ നിന്ന്‌ പുറത്താക്കപ്പെടുകയോ പുറത്തുപോവുകയോ ചെയ്‌ത കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളും വ്യക്തികളും ഒത്തു ചേര്‍ന്നുകൊണ്ടാണു്, ഇടതുപക്ഷ ഏകോപനസമിതിക്ക്‌ രൂപം നല്‍കിയതു്. ഫെബ്രുവരി മാസം ഷൊര്‍ണൂരില്‍ രൂപീകരിച്ച പ്രിപ്പറേറ്ററി കമ്മറ്റിയാണ്‌ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്‌.

 

പ്രിപ്പറേറ്ററി കമ്മറ്റി കണ്‍വീനര്‍ എം ആര്‍ മുരളി സ്വാഗതം പറഞ്ഞതോടെ കണ്‍വെന്‍ഷന്‍ നടപടികള്‍ ആരംഭിച്ചു. അഴിമതിക്കും രാഷ്‌ട്രീയ മണ്‌ഡലത്തിലെ മാഫിയാവല്‍ക്കരണത്തിനുമെതിരായ ഒരു ബഹുജന മുന്നേറ്റമാണ്‌ ഇടതുപക്ഷ ഏകോപനസമിതി ലക്ഷ്യം വെക്കുന്നതെന്ന്‌ എം ആര്‍ മുരളി വ്യക്തമാക്കി. കണ്‍വെന്‍ഷനില്‍ ഇടതുപക്ഷ ഏകോപനസമിതി പ്രിപ്പറേറ്ററി ചെയര്‍മാന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ അദ്ധ്യക്ഷത വഹിച്ചു. മുന്‍കാലത്ത്‌ ഇടതുപക്ഷ പുരോഗമന രാഷ്‌ട്രീയ-സാമൂഹ്യ ചരിത്രത്തില്‍ ഷൊര്‍ണൂര്‍ വഹിച്ച നിര്‍ണ്ണായക പങ്കിനെപ്പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. കോണ്‍ഗ്രസിനകത്ത്‌ രൂപപ്പെട്ട കോണ്‍ഗ്രസ്സ്‌-സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെയും നവോത്ഥാന പ്രക്ഷോഭങ്ങളുടെയും കേരളത്തിലെ ആദ്യത്തെ ഇടതുപക്ഷ പത്രമായ പ്രഭാതത്തിന്റെയും കേന്ദ്രം ഷൊര്‍ണൂരായിരുന്നുവെന്ന്‌ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ ചൂണ്ടിക്കാണിച്ചു.

 

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌  എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാണ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. കേരളത്തിലെയും ലോകത്തിലെത്തന്നെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ചരിത്രാനുഭവങ്ങളും ഇന്നും തുടരുന്ന വര്‍ഗ വിഭജിതാവസ്ഥയില്‍ ഇടത്‌-വലത്‌ വ്യതിയാനങ്ങളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അനിവാര്യമാണു്. പാര്‍ട്ടിയില്‍ മാര്‍ക്‌സിസം-ലെനിസിസം പുനഃസ്ഥാപിക്കാന്‍ വേണ്ടി കടുത്ത സമരങ്ങള്‍ തന്നെ വേണ്ടിവരുന്ന അവസ്ഥയാണിപ്പോഴുള്ളത്‌- ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഊന്നിപ്പറഞ്ഞു.

 

പ്രസീഡിയം

 

ഉദ്‌ഘാടന സമ്മേളനശേഷം കണ്‍വെന്‍ഷന്‍ നടപടികള്‍ നിയന്ത്രിക്കാനുള്ള വിവിധ കമ്മറ്റികളെ തെരഞ്ഞെടുത്തു. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, ടി.പി.ചന്ദ്രശേഖരന്‍, കെ.കെ.കുഞ്ഞിക്കണാരന്‍, എം.നാരായണന്‍ എന്നിവരടങ്ങിയ പ്രസീഡിയവും എം ആര്‍ മുരളി, ഡോ.ആസാദ്‌, അഡ്വ.പി കുമാരന്‍കുട്ടി, പ്രേമന്‍, ജയകുമാര്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ്‌ കമ്മറ്റിയും, കെ എസ്‌ ഹരിഹരന്‍, ഐ വി ബാബു, കെ പി പ്രകാശന്‍, ധ്യാനസുതന്‍ എന്നിവരടങ്ങിയ പ്രമേയകമ്മറ്റിയും പി കെ സുരേഷ്‌, അംബിക, എന്‍ സ്‌മിത എന്നിവരടങ്ങിയ മിനിറ്റ്‌സ്‌ കമ്മറ്റിയുമാണ്‌ സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്‌.

 

കരടു് രാഷ്‌ട്രീയ രേഖ

 

പ്രിപ്പറേറ്ററി കമ്മറ്റിക്കുവേണ്ടി കരടു രാഷ്‌ട്രീയ രേഖ ഡോ.ആസാദ്‌ അവതരിപ്പിച്ചു. ഇന്ത്യയിലും ലോകത്താകെയും പൊട്ടിപ്പുറപ്പെടുന്ന രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഷൊര്‍ണൂര്‍ കണ്‍വെന്‍ഷന്റെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം രേഖ അവതരിപ്പിച്ചത്‌. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും നേതൃത്വത്തിലൂടെ മുന്നണികള്‍ മുന്നോട്ടുവെക്കുന്ന നവലിബറല്‍ അജണ്ടകളില്‍ നിന്ന്‌ ഭിന്നമല്ല ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ജനമുന്നണിയുടെയും നയപരിപാടികള്‍. സിപിഐഎം പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌, മൂന്നാം മുന്നണി എന്നത്‌ ഒരു തെരഞ്ഞെടുപ്പ്‌ അഭ്യാസമല്ല, മറിച്ച്‌ ബദല്‍ നയത്തില്‍ ഊന്നിയുള്ള പ്രക്ഷോഭവും ഐക്യവുമെന്ന കാഴ്‌ചപ്പാടാണ്‌ എന്നാണ്‌. പക്ഷെ ഇപ്പോള്‍ അണിയറയില്‍ രൂപം കൊള്ളുന്ന അവസരവാദ സഖ്യങ്ങള്‍ക്കൊന്നും യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയില്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ്‌ പുതിയൊരു ബഹുജനമുന്നേറ്റത്തിന്റെ അനിവാര്യത നിലനില്‍ക്കുന്നത്‌. അതിരുകളില്ലാത്ത മൂലധനാധിനിവേശവും അതിനു കുട ചൂടുന്ന നവകൊളോണിയല്‍ താല്‌പര്യങ്ങളും നമ്മുടെ ജീവിതത്തെ അത്യന്തം സങ്കീര്‍ണ്ണമാക്കിയിരിക്കുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ രേഖ ആരംഭിക്കുന്നത്‌. സമത്വപൂര്‍ണ്ണമായ ഭാവി സംബന്ധിച്ച ശാസ്‌ത്രീയമായ പരികല്‌പനകളും പ്രക്ഷോഭപാതയും മുന്നോട്ടു വച്ച ഇടതുപക്ഷ രാഷ്‌ട്രീയം പ്രസക്തവും സജീവവുമായിരിക്കെ മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അവയില്‍ നിന്ന്‌ വേര്‍പെട്ട്‌ വലതുപക്ഷ പാതയിലേക്ക്‌ കൂടുമാറിയിരിക്കുന്നു. വലതുപക്ഷങ്ങള്‍ക്കുപോലും ഇടതുപക്ഷ ഛായയിലേ നിലനില്‍ക്കാന്‍ കഴിയൂ എന്നതായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാഹചര്യം. അതുകൊണ്ട്‌ ഇടതുപക്ഷ മുഖംമൂടി അണിയാന്‍ ഇന്ത്യന്‍ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയരൂപമായ കോണ്‍ഗ്രസ്സും ശ്രദ്ധിച്ചു പോന്നിരുന്നു. തൊണ്ണൂറുകളോടെ, വിദേശനയം അമേരിക്കന്‍ പക്ഷപാതപരവും സാമ്പത്തികനയം സ്വകാര്യ-ഊഹ മൂലധനാഷ്‌ഠിതവുമാക്കി മാറ്റാനാണ്‌ അവര്‍ ശ്രമിച്ചത്‌. ലോകബാങ്ക്‌, ഐ എം എഫ്‌ തുടങ്ങിയ ധനകാര്യ ഏജന്‍സികള്‍ ഉദാരവായ്‌പയും കടുത്ത നിയന്ത്രണങ്ങളുമെന്ന നിലപാടു സ്വീകരിച്ചുകൊണ്ട്‌ വികസ്വര രാഷ്‌ട്രങ്ങളുടെ സമ്പദ്‌ഘടനയും രാഷ്‌ട്രീയക്രമവും പുനഃസംഘാടനം ചെയ്യാനാരംഭിച്ചു. കടുത്ത ദുരിതങ്ങളാണ്‌ ഇത്‌ വരുത്തിവച്ചത്‌. ഇപ്പോള്‍ അമേരിക്കന്‍ കേന്ദ്രിത സമ്പദ്‌ഘടന കനത്ത മാന്ദ്യത്തെ നേരിടുന്നതിന്റെ ഫലമായി പ്രശ്‌നം കൂടുതല്‍ വഷളാവുകയാണ്‌. ഐ ടിമേഖലയടക്കമുള്ള പുതുസംരംഭമേഖലകളിലൊക്കെ തൊഴില്‍ നഷ്‌ടപ്പെടുന്നതും ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള തിരിച്ചുവരവും കടുത്തപ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കുമെന്ന്‌ രേഖ ചൂണ്ടിക്കാട്ടി.

 

അവരുടെ വികസനത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ പോലും വലതുപക്ഷത്തുനിന്ന്‌ ഭിന്നമായതല്ല. കേരളത്തിലുള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ തഴച്ചുവളരാനുള്ള സാഹചര്യമൊരുക്കുന്നത്‌ ഇടതുപക്ഷം കൂടിയാണ്‌. അഴിമതി മുതലാളിത്ത വികസനപാതയുടെ കൂടപ്പിറപ്പായിരുന്നു. ഇപ്പോള്‍ സിപിഐഎം നേതാവ്‌ പിണറായി വിജയനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ലാവലിന്‍ അടക്കമുള്ള അഴിമതി ആരോപണങ്ങള്‍, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നയവ്യതിയാനത്തിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ആഗോളവല്‍ക്കരണ നയസമീപനങ്ങളും അവയുടെ ഭാഗമായി ഉത്തേജിക്കപ്പെടുന്ന സാമ്രാജ്യത്വ പൗരസമൂഹ രാഷ്‌ട്രീയവും അതിന്റെ പടനായകരായ നവസാമൂഹിക-സാമുദായിക സംഘടനകളും ഒക്കെ സൃഷ്‌ടിക്കുന്ന വലതുപക്ഷവല്‍ക്കരണം ഇടതുപക്ഷത്തെ വിഴുങ്ങിക്കഴിഞ്ഞു. സാമ്രാജ്യത്വ ആശയ-സാമ്പത്തിക - സൈനിക രാഷ്‌ട്രീയാധിനിവേശത്തിന്റെ പാത സുഗമമാക്കാനാണ്‌ സ്വത്വ രാഷ്‌ട്രീയവും കടന്നുവന്നത്‌. ജാതി-മത-വംശീയ സങ്കുചിതത്വത്തിലേക്ക്‌ പ്രശ്‌നങ്ങളെയാകെ വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്‌.

 

ഇന്ന്‌ ലോകമാകെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ രൂപപ്പെടുകയും വ്യാപിക്കുകയുമാണ്‌. അതോടൊപ്പം അഴിമതിക്കും മറ്റു ജീര്‍ണ്ണതകള്‍ക്കുമെതിരെ രാഷ്‌ട്രീയ സദാചാരത്തിലും വര്‍ഗ രാഷ്‌ട്രീയത്തിലുമൂന്നിയ മുന്നേറ്റങ്ങള്‍ പ്രബലമാവുന്നുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളില്‍ നിന്ന്‌ പുറത്തു വന്നവര്‍ക്കു മാത്രമല്ല, മതനിരപേക്ഷ-ജനാധിപത്യ മൂല്യബോധമുയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍പേര്‍ക്കും അണിനിരക്കാവുന്ന ഒരു വേദികൂടിയാണ്‌ ഇടതുപക്ഷ ഏകോപന സമിതിയെന്ന്‌ കരടു രാഷ്‌ട്രീയരേഖ വ്യക്തമാക്കി.

 

 ഭാരവാഹികള്‍

 

ടി പി ചന്ദ്രശേഖരന്‍ (പ്രസിഡന്റ്‌) ടി എല്‍ സന്തോഷ്‌, അഡ്വ. പി കുമാരന്‍കുട്ടി (വൈ.പ്രസിഡന്റുമാര്‍) എം ആര്‍ മുരളി(ജനറല്‍ സെക്രട്ടറി) ജയകുമാര്‍, ഡോ.ആസാദ്‌ (സെക്രട്ടറി) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, വി പി വാസുദേവന്‍, കെ കെ കുഞ്ഞിക്കണാരന്‍, കെ എസ്‌ ഹരിഹരന്‍, കെ പി പ്രകാശന്‍, ഐ വി ബാബു, എന്‍ വേണു, പ്രേമന്‍ കുന്നംകുളം, രഞ്‌ജിത്ത്‌ തളിക്കുളം, വിമല ടീച്ചര്‍ (എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍)എന്നിവര്‍ ഭാരവാഹികളായ 32 അംഗ സംസ്ഥാന കമ്മറ്റിയെ കണ്‍വെന്‍ ഷന്‍ തെരഞ്ഞെടുത്തു.

 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 750 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ സമാപിച്ചത്‌. ഷൊര്‍ണൂര്‍ നഗരത്തെ പിടിച്ചുകുലുക്കിയ ഉജ്ജ്വല പ്രകടനത്തോടെയാണ്‌. ടി.പി.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. എം ആര്‍ മുരളി, ജയകുമാര്‍, എം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.